+91 89435 17200

പുനരുദ്ധാരണം

ഓം നമഃശിവായ

ഭക്തജനങ്ങളെ, പറയിപെറ്റ പന്തിരുകുലത്തെ സഹോദരങ്ങളായ പാക്കനാരും, അഗ്നിഹോത്രിയും, ഉപ്പുകൊറ്റനും ജനിച്ച നാട് ….

നവോത്ഥാന നായകരായ വി.ടി. ഭട്ടതിരിപ്പാടിന്റെയും അറിവിന്റെ തമ്പുരാനെന്ന് വിശ്രുതനായ പൂമുള്ളിയുടെയും തട്ടകം…

ആയുർവേദത്തെ ആധുനിക കാലത്ത് ലോകശ്രദ്ധയിലേക്ക് ഉയർത്തിയ വൈദ്യമഠം, ബാലചികിത്സയിൽ കൃതഹസ്തനായിരുന്ന ചാത്തര് നായർ തുടങ്ങിയ ഭിഷക് ശ്രേഷ്ഠരുടെ കർമ്മഭൂമി!

ഉജ്ജ്വലമായ പൂർവ്വിക സംസ്കൃതിയുടെ ഈടുവെപ്പുകൾ സമ്പന്നമാക്കിയ തൃത്താലയും മേഴത്തൂരും കൂറ്റനാടുമടങ്ങുന്ന ദേശം…

മേഴത്തോൾ അന്ഗിഹോത്രി നടത്തിയ ഹോമങ്ങൾകൊണ്ട് പരിപാവനമായ ഹോമമംഗലമായി അറിയപ്പെട്ടിരുന്ന ഇന്നത്തെ കോമംഗലവും ഉപ്പുകൊറ്റന്റെ നാടായ കൂറ്റനാടും മുഖച്ഛായകൊണ്ട് ഏറെ മാറിയിട്ടുണ്ടെങ്കിലും തനതായ സംസ്കൃതി ഇന്നും കാത്തുസൂക്ഷിക്കുന്നു.

ഈ സുകൃതമാണ് പതിറ്റാണ്ടുകളായി കാടുപിടിച്ചു കിടന്നിരുന്ന അശിക്കത്ത് ശിവ - വിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്ന മഹദ്കർമ്മനിയോഗവുമായി രംഗത്തിറങ്ങിയ പ്രദേശവാസികളായ അമ്മമാരും കുട്ടികളുമടങ്ങുന്ന ക്ഷേത്രവിശ്വാസികളുടെ ചാലകശക്തി.

കടും പടലവും വെട്ടിത്തെളിയിച്ച് ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുകയും ദേവഹിതമറിയുന്നതിനായി പ്രമുഖ ജ്യോതിഷികളുടെ നേതൃത്വത്തിൽ പ്രശനം വെക്കുകയും ചെയ്തു. അടിയന്തിരമായി ചെയ്തു തീർക്കേണ്ട പരിഹാര കർമ്മങ്ങൾ നിർദ്ദേശിച്ച ദൈവജ്ഞന്മാർ ശ്രീകോവിലുകളുടെ പുനർനിർമ്മാണത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയുകയുണ്ടായി. ദേശവാസികളുടെ കൂട്ടായ പ്രവർത്തനത്തിന്റെയും സമർപ്പണ ബുദ്ധിയുടെയും ഫലമായി പ്രശ്നപരിഹാരകർമ്മങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിച്ചുകഴിഞ്ഞു. പൂർവ്വാർജ്ജിതമായ പുണ്യം കൊണ്ട് അനുഹ്രഹീതമായ ക്ഷേത്രസന്നിധിയിൽ ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് നിറഞ്ഞൊഴുകുന്ന മഹാദേവന്മാരുടെ ചൈതന്യം അനുഭവവേദ്യമാണ്.